Tuesday, November 28, 2006

കാലങ്ങള്‍

ഭാവിയിലൊരു ഭൂതമാകേണ്ട എന്നെ
വര്‍ത്തമാനങ്ങളില്‍ തളച്ചിടരുതേ...

വഴിവക്കിലെ ചുമടുതാങ്ങിയും
മലമ്പാതയിലെ കാളവണ്ടിയും
മകരക്കുളിരും മീനച്ചൂടും
മനസ്സിനുള്ളില്‍ മേളം ചൊരിയും
കാലവര്‍ഷവും കായാമ്പൂവും
ഓടിയെത്തുന്നു മിന്നല്‍പ്പിണരായ്
പോയ്‌മറയുന്നു തമോഗര്‍ത്തത്തില്‍.

ചുടുനിശ്വാസച്ചൂളം വിളിയാല്‍
ശബ്ദമുഖരിതം നീലാകാശം
സ്വച്ഛത തേടും മഹാസമുദ്രമേ
നിര്‍ത്തൂ നിന്നുടെ രുദ്രതാണ്ഡവം
വിങ്ങിപ്പൊട്ടിടും ഹൃദയമിന്നൊരു
കുന്നിക്കുരുവിന്‍ രൂപം പൂണ്ട്
രാഗലോലമാമനുരാഗവീണ തന്‍
സ്‌നേഹസാന്ദ്ര സ്വരം തേടുന്നു.

3 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

"വര്‍ത്തമാനം - ഭാവിയിലെ ഭൂതം"

നന്നായിട്ടുണ്ട്‌. പൊതുവാളന്‍ജീ

പക്ഷേ, ആരും വര്‍ത്തമാനം അറിയുന്നില്ല എന്നാ തോന്നുന്നത്‌. ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും ഭൂതത്തെക്കുറിച്ചുള്ള ആവലാതികളുമൊഴിഞ്ഞ്‌ സമയം കിട്ടുന്നുണ്ടോ? മനസ്സിന്റെ ഊര്‍ജ്ജം മുക്കാലും ഇങ്ങനെ ചോര്‍ന്നുപോകുന്നില്ലേ, വര്‍ത്തമാനത്തില്‍ ശ്രദ്ധിയ്ക്കാനേ പറ്റാതെ? (ഇപ്പോഴെന്തുപറഞ്ഞാലും മനസ്സ്‌ ഇടങ്കോലിടുന്നൂ, ithoru rOgamaaNO? :)

അനംഗാരി said...

എല്ലാവരും ഭാവിക്ക് വേണ്ടിയാണ് ജീവിക്കുന്നത്.വര്‍ത്തമാനത്തെ മറന്ന് പോകുന്നു..

Rasheed Chalil said...

വര്‍ത്തമാനം ഭൂതത്തിന്റെ കണക്കെടുപ്പും ഭാവിയെക്കുറിച്ചുള്ള ഉല്‍കണ്ഠയും മാത്രമായി മാറുമ്പോള്‍ ജീവിതം അപ്രസക്തമാവുന്നുണ്ടോ ?

പക്ഷികളേ പോലെ ജീവിക്കണം എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. പ്രഭാതത്തില്‍ ശൂന്യമായ വയറുമായി ആഹാരം തേടിയിറങ്ങുമ്പോള്‍ അതിനറിഞ്ഞ് കൂട... ഇന്നെന്റെ ഭക്ഷണം എവിടെയാണെന്ന്. പക്ഷേ എല്ലാ ദിവസവും നിറഞ്ഞ വയറുമായി കൂടണയാനാവുന്നു. ഭാവിയെക്കുറിച്ചുള്ള ആകുലതയില്ലാതെ... ഭൂതത്തെക്കുറിച്ചുള്ള പരാതികളില്ലാതെ.

അസ്സലായിരിക്കുന്നു.