Sunday, January 07, 2007

മണല്‍രേഖകള്‍ (കവിത):

ഇല്ലിവിടെയെങ്ങും പതിഞ്ഞു കാണ്‍മാന്‍
കാട്ടുവരയാടു കാല്‍വെച്ചൊരിടം
ഇല്ല മണ്‍കൂനയില്‍ താളം ചവിട്ടുമൊരു
ചാരനിറമാര്‍ന്ന പുല്‍ച്ചാടിയും.
ഇല്ല കുന്നേറുന്നൊരിടയനും
ദയതേടി ഇടറിനീങ്ങും ബലിയാടിന്റെ പറ്റവും.
കല്ലുകള്‍ തടയാത്ത, കുടനിഴല്‍ മൂടാത്ത
മരുമണല്‍വഴികളിലിവന്‍ മാത്രം.

മണല്‍ മഹാകാവ്യമായ്‌ ശകലീകൃതം വര്‍ണ്ണ -
വൈവിധ്യ രാഗങ്ങള്‍ ശീലുകള്‍ചേര്‍ന്നുള്ള
പരുപരുപ്പാര്‍ന്ന സ്വരങ്ങള്‍, ‍ഭാവങ്ങളില്‍
മുള്‍പ്പടര്‍പ്പിന്റെ മൌനം.
സര്‍ഗ്ഗങ്ങളില്‍ ശകുന്തങ്ങള്‍ കാവല്‍
പര്‍വ്വങ്ങളില്‍ കുരുക്ഷേത്രം, കലിപ്പക,
കാണ്ഡങ്ങളായ്‌ ജീവിതം, അരണ്യത്തിന്റെ
കാതിലിളവേല്‍ക്കുന്നു സംവല്‍സരങ്ങള്‍.
ഇലകള്‍ പൊഴിയും പോലെ രാവുകള്‍
‍കാലമിണക്കും കരിയിലക്കോലങ്ങള്‍
ആയിരത്തൊന്നിലും തീരാത്ത കഥകള്‍
ആരും വിതുമ്പുന്ന കാണാക്കദനങ്ങള്‍.
മുറിവേറ്റൊരൊട്ടകം ഇടറിനീങ്ങുമ്പോലെ
തലയറ്റ പനകള്‍ ചരിഞ്ഞുവീഴുമ്പോലെ
ചിറകുമുറിഞ്ഞ കിനാവുകള്‍ പോലെയും
ആരേ മറഞ്ഞകലത്തുരുകുന്നുവോ?

മരുയാത്രയില്‍ വഴിതെറ്റിയെങ്ങോ പോയൊ-
രനുജന്റെ പദരേഖ തിരയുന്നു ഞാന്‍.
നെഞ്ചിലിടറുന്നൊരരുവിയായവനുണ്ട്‌,
കണ്ണിണയിലലിയുന്ന മഴയായുമവനുണ്ട്‌,
കാറ്റിലിളകുന്ന തിരയായ്‌ പരിഭവമുണ്ട്‌,
തേര്‍ച്ചക്രമൂരിയ വ്യഥയും മാര്‍ച്ചട്ടയില്‍
‍വേല്‍ പതിച്ചുള്ള വേപഥുവുമുണ്ട്‌.
ചെയ്യാന്‍ മറന്നുപോയുള്ളതാം കടമയായ്‌
ചെറ്റൊക്കെയോര്‍മ്മ ചിലമ്പുന്നുമുണ്ട്‌.

എവിടെ മണല്‍രേഖകള്‍?
ചിരിക്കുന്നവ,
പൂത്തു വിടരുന്നവ,
തുള്ളിയുറയുന്നവ, ചേറ്റുമണമുള്ളവ,
ചോരനിറമേറ്റവ,
അസ്ഥി പൊടിയാര്‍ന്നവ,
ആര്‍ത്തു കരയുവാനാകാതെയുഴറുന്നവ.
ആരോ സ്വയം വരവേറ്റതാം മൃത്യൂവിന്‍
ചൊടിയാര്‍ന്നവ,
ദേഹജലമാര്‍ന്നവ.

കാണ്മതില്ലേ?
അനാഥമാം ആയിരം ശിഥിലപദമുദ്രകള്‍.
മണലില്‍പ്പതിഞ്ഞ സജീവരൂപങ്ങളില്‍
വരയാടുകള്‍
പുല്‍ച്ചാടികള്‍
വണ്ടുകള്‍
പുഴകള്‍ ജലതരംഗം കോറിയിട്ടവ,
മച്ചുവയേറി കടല്‍ കടന്നെത്തിയ
ചുക്കുംകറുത്തപൊന്നും കടം കൊണ്ടവ,
മാനുഷരില്ലാത്ത കൂനന്‍തുരുത്തിലെ
സ്രാവിന്റെയുദരമായ്‌ ദഹനരസമാണ്ടവ,
ഹരിതകമില്ലാത്ത വാഴ്‌വിന്‍ വനത്തിലെ
കരിനാഗദംശമായ്‌ പാദം നമിച്ചവ,
മാറ്റാന്റെയൊറ്റുകാരായ്‌ പിണമായവ,
മാംസവും ലോഹവുമായേറ്റു വീണവ,
മണ്ണിന്‍ ശിരോരേഖ പോലാം പഥങ്ങളില്‍
‍കോലെഴുത്താണിയായ്‌ വേര്‍പടലമാര്‍ന്നവ.

ഒടുവില്‍...
അറ്റുപൊയ്പേ്പായൊരിടങ്കാലിലെ വിറ
അവസാനമായി വരഞ്ഞിട്ട വാക്കുകള്‍
അവ ചേതനാപൂര്‍ണ്ണമാവുന്നിതോ?
അസ്ഥിയതില്‍ മിന്നിക്കടുക്കുന്നുവോ?
മജ്ജയതില്‍ ശിഖരമായുണരുന്നുവോ?
രക്തമയകോശങ്ങള്‍ പുണരുന്നുവോ?
അതില്‍നിന്നു സ്‌ഫുരിതമായ്‌ കാണ്‍മൂ
ഭൂശില്‍പിയുടെ അമൃതാഭമാം ചിരി.
അതില്‍നിന്നു സ്‌ഫുടതാളമായ്‌ തുടിപ്പൂ
മര്‍ത്ത്യശുഭകാമനയ്ക്കൊരു സങ്കീര്‍ത്തനം.

മണല്‍രേഖകള്‍ മാറിമറിയുന്ന ജീവന്റെ
ജലരേഖകള്‍, അശ്രുമുഖരേഖകള്‍.

000
പി. ശിവപ്രസാദ്‌

7 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഹരിതകമില്ലാത്ത വാഴ്‌വിന്‍ വനത്തിലെ
കരിനാഗദംശമായ്‌ പാദം നമിച്ചവ,
മാറ്റാന്റെയൊറ്റുകാരായ്‌ പിണമായവ,
മാംസവും ലോഹവുമായേറ്റു വീണവ,
മണ്ണിന്‍ ശിരോരേഖ പോലാം പഥങ്ങളില്‍
കോലെഴുത്താണിയായ്‌ വേര്‍പടലമാര്‍ന്നവ.
കവിത:മണല്‍രേഖകള്‍

കുറുമാന്‍ said...

ശിവ പ്രസാദ്ജീ, മനോഹരം ഈ മണല്‍ രേഖകള്‍ എന്ന കവിത. ഓരോ വരികളും വായിച്ചത് ചെറിയ ഒരു വേദനയോടെയായിരുന്നു.

Anonymous said...

എനിക്കറിയില്ലായിരുന്നു ഇങ്ങനെ ഒരു ബ്ളോഗിനെ പറ്റി..
നന്ദി ...
ഞാനെഴുതിവിട്ടതിയവയെ കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു.

Anonymous said...

മരുയാത്രയില്‍ വഴിതെറ്റിയെങ്ങോ പോയൊ-
രനുജന്റെ പദരേഖ തിരയുന്നു ഞാന്‍.
നെഞ്ചിലിടറുന്നൊരരുവിയായവനുണ്ട്‌,
കണ്ണിണയിലലിയുന്ന മഴയായുമവനുണ്ട്‌,
"കാറ്റിലിളകുന്ന തിരയായ്‌ പരിഭവമുണ്ട്‌,"
"തേര്‍ച്ചക്രമൂരിയ വ്യഥയും മാര്‍ച്ചട്ടയില്‍
‍വേല്‍ പതിച്ചുള്ള വേപഥുവുമുണ്ട്‌."

wonderful!

Unknown said...

ശിവപ്രസാദ്,

കവികളെല്ലാം കൈവിട്ട കവിയരങ്ങില്‍ ഒരു നല്ല കവിതയെങ്കിലും കണ്ടതില്‍ സന്തോഷം.
വളരെ നന്നായിട്ടുണ്ട്.

മണലാരണ്യത്തില്‍ പ്രവാസിയായി ജീവിക്കുന്ന ഓരോരുത്തരുടെയും ജീവിത രേഖകള്‍ തന്നെയല്ലെ കാലമാകുന്ന ഓരോ ചെറുകാറ്റും എഴുതിയും മായ്ചും വീണ്ടുമെഴുതിയും ചരിത്രത്തിന്റെ വാല്‍മീകങ്ങള്‍ രൂപപ്പെടുത്തുന്നത്.

"ഇലകള്‍ പൊഴിയും പോലെ രാവുകള്‍
‍കാലമിണക്കും കരിയിലക്കോലങ്ങള്‍
ആയിരത്തൊന്നിലും തീരാത്ത കഥകള്‍
ആരും വിതുമ്പുന്ന കാണാക്കദനങ്ങള്‍. "

ശ്രീ അനംഗാരി വളരെ വലിയ ഒരുദ്ദേശ്യത്തോടെ കവികള്‍ക്കും കവിതകള്‍ക്കുമായൊരിടം എന്ന നിലയില്‍ തുടങ്ങിയ ഈ കവിയരങ്ങില്‍ ഞാനും ഒന്നുരണ്ടു പൊട്ടക്കവിതകള്‍ ‍പോസ്റ്റിയിരുന്നു .എന്നാല്‍ ബൂലോകത്തെ കവികള്‍ പോലും അവിടെയെത്തുന്നില്ല എന്നു തോന്നിയപ്പോള്‍ എനിക്കതൊരു വൃഥാവ്യായാമമായി തോന്നി മനസ്സില്ലാ മനസ്സോടെ പിന്മാറി.

എനിക്കു തോന്നുന്നു കവിത കുറിക്കുന്ന എല്ലാവരും സ്വന്തം പോസ്റ്റില്‍ പ്രസിദ്ധീകരിക്കുന്നവയുടെ ഒരു കോപ്പി കവിയരങ്ങിലും പോസ്റ്റുകയാണെങ്കില്‍ കവിതയെ സ്‌നേഹിക്കുന്ന വായനക്കാര്‍ക്കു ആയാസരഹിതമായി കുറഞ്ഞ സമയം കൊണ്ടു കൂടുതല്‍ കവിതയെയും കവികളെയും പരിചയപ്പെടാന്‍ ഒരവസരം ലഭിക്കുമായിരുന്നു.

അനംഗാരി said...

പ്രസാദ്, വളരെ മനോഹരമാ‍യ കവിത.നല്ല വരികള്‍.അഭിനന്ദനങ്ങള്‍.

എല്ലാ കവികളും ഇവിടെ കവിത പ്രസിദ്ധീകരിക്കണമെന്നാണ് എന്റെ ആഗ്രഹം.എല്ലാവരുടേയും കവിതകള്‍ ഒരു ബ്ലോഗീല്‍ വായിക്കാന്‍ കഴിയുക സുഖമല്ലേ?
അംഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ എഴുതുക.
anamgari@gmail.com

Anonymous said...

താളാത്മക കാവ്യത്തെ സ്നേഹിക്കുന്നവര്‍ക്കൊരു മുതല്‍ക്കൂട്ട്


jeevitharekhakal.blogspot.com