Friday, March 02, 2007

പുതപ്പിനുള്ളിലെ ഞാന്‍!

കുഞ്ഞിളം‌മേനിയിലാദ്യമായി
പേരൊന്നെനിയ്ക്കു പതിച്ചുകിട്ടീ
കിട്ടിയതെന്തുമുടനുടനെ
പേരിന്നുചുറ്റുമുരുട്ടിവെച്ചു.
കാണുന്നതെന്തുമാപ്പേരിലാക്കി
നന്നായ്പ്പതിയ്ക്കാന്‍ പഠിച്ചു ഞാനും.
കണ്ടതും കേട്ടതും സ്വന്തമാക്കി
തണ്ടും തടിയും വളര്‍ത്തിവന്നൂ.


നാലാളുകാണാ, നുയര്‍ന്നിരിയ്ക്കാന്‍‍,
കോലമാലോലമലങ്കരിയ്ക്കാന്‍‍,
മീതേയ്ക്കുമീതേയെടുത്തണിഞ്ഞോ-
രാടയ്ക്കു കയ്യും കണക്കുമില്ല...
മിന്നിത്തിളങ്ങുമെന്നാടനോക്കി-
യമ്പരന്നേവരും പുഞ്ചിരിച്ചൂ
ഞാനും മയങ്ങിയാപ്പുഞ്ചിരിയില്‍
“അമ്പട! ഞാനേ! ഞെളിഞ്ഞുനിന്നൂ...


ചുറ്റിയും ചുറ്റിയുമെന്റെചുറ്റും
ആടകളൊട്ടിപ്പിണഞ്ഞുപോയീ
ആവില്ലഴിയ്ക്കാ, നഴുക്കുപറ്റി-
ച്ചേര്‍ന്നവിഴുപ്പായളിഞ്ഞുനില്‍ക്കേ
വേര്‍ത്തതും വീര്‍പ്പൊട്ടു മുട്ടിയതു-
മാടകള്‍ക്കല്ലെനിയ്ക്കായിരുന്നൂ.
വേണ,മടര്‍ത്തണമീയഹന്ത-
ക്കട്ടിപ്പുതപ്പിനി
വേണ്ടെനിയ്ക്ക്!

16 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

കൂട്ടുകാരേ,

കവിയരങ്ങിലേയ്ക്ക് ഞാനും ഒരു കവിത(?)അയക്കുന്നു- “പുതപ്പിനുള്ളിലെ ഞാന്‍”.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബൂലോകം പുതപ്പ്‌ മാറ്റാന്‍ കുറച്ചു സമയമെടുക്കും. അര്‍ഥവത്തായ കവിത നന്ദി

എന്‍റെ ഗുരുനാഥന്‍ said...

ബാല സാഹിത്യം വായിയ്ക്കുന്നതുപോലുള്ള കുളിര്‍മ.........ഇഷ്ടപ്പെട്ടു വീണ്ടും പ്രതീക്ഷിയ്ക്കുന്നു.

വിഷ്ണു പ്രസാദ് said...

ലളിതം...

വേണു venu said...

ലളിതമായ വരികള്‍‍.
“ലമ്പട! ഞാനേ! ഞെളിഞ്ഞുനിന്നൂ...
ഞാനും.‍:)

Unknown said...

ജ്യോതി ടീച്ചറേ,
കവിയരങ്ങിലേക്ക് സ്വാഗതം:)

വളരെ ലളിതമായ വരികളിലൂടെ ആഴമേറിയ ചിന്ത വേണ്ടിവരുന്ന ഒരു വിഷയം കൊച്ചുകുട്ടികള്‍ക്കു പോലും മനസ്സിലാകുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

നന്നായിട്ടുണ്ട്.
തുടര്‍ന്നും നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു.

സാരംഗി said...

അര്‍ത്ഥവത്തായ വരികള്‍...നല്ലൊരു കവിത..അഭിനന്ദനങ്ങള്‍!!

നന്ദു said...

ജ്യോതി ടീച്ചര് ,
കവിത കാണാന്‍ വൈകി.
ചിന്തിപ്പിക്കുന്ന ലളിതമായ വരികള് .

ജ്യോതിര്‍മയി /ज्योतिर्मयी said...

കൂട്ടുകാരേ,

ചിലര്‍ക്കൊക്കെ ഈ കവിത ഇഷ്ടമായി എന്നതില്‍ സന്തോഷം തോന്നുന്നു. എനിയ്ക്കും പിന്നേം പിന്നേം ചൊല്ലിനോക്കുമ്പോള്‍ ഇതിനോട്‌ ഇഷ്ടം തോന്നുന്നു.

ഉറക്കെച്ചൊല്ലിനോക്കിയപ്പോള്‍ കിട്ടിയ( കല്ലുകള്‍) :-) എടുത്തുമാറ്റി, ചെറിയൊരുമിനുക്കല്‍ നടത്തി.

രണ്ടിലും കൂടുതല്‍ അര്‍ഥമുണ്ടാവാമെന്ന്‌ ഞാന്‍ കരുതിയില്ല.

“അമ്പട ഞാനേ!” ഞെളിഞ്ഞുനിന്നൂ..
എന്നാണുകേട്ടോ. ലമ്പട..അല്ല:-) വേണുജി.

Anonymous said...

അര്‍ഥവത്തായ കവിത

Anonymous said...

puthappinullil thanneyanalle ?

ബൈജു (Baiju) said...

നമസ്കാരം,
ഞാന്‍ ബ്ലോഗ് ലോകത്തിലെ ഒരു പുതിയ യാത്രികന്‍........
ഞാനെഴുതിയ ഒരു മലയാളഗാനം ഇവിടെ നല്‍കുന്നു, ആരെങ്കിലും ഈണം നല്കി പാടും എന്നു വിശ്വസിക്കുന്നു.....
സ്നേഹത്തോടെ
ബൈജു
================

പ്രണയസന്ദേശം നീര്‍ത്തിവായിക്കവേ
കവിളുകളാകെത്തുടുത്തോ-നിന്‍റ്റെ
കവിളുകളാകെത്തുടുത്തോ?
കളമൊഴീ നീ കണ്ട കനവുകളൊക്കയും
കതിരായി മാറുന്നുവെന്നോ- നല്ല
കതിരായി മാറുന്നുവെന്നോ?

കണികണ്ടുണരുവാന്‍....................
കണികണ്ടുണരുവാന്‍ ആരും കൊതിച്ചു പോം
മിഴിയിണ ലജ്ജാവിലോലമായി.......
മാമഴവില്ലല്ലാ....പൂമഴവരുമി-നിന്‍
മാനസവനികയില്‍ പൂക്കളാടും........
നീ നിവര്‍ത്തീടുമീ പ്രേമസന്ദേശത്തില്‍
വാക്കുകള്‍ പൂക്കളായ് മാറിയെന്നോ -സ്നേഹ
ദിവ്യസുഗ്ന്ധം പരത്തിയെന്നൊ? (പ്രണയസന്ദേശം)

ആതിര തന്‍ മലര്‍ ചൂടുമീവേളയില്‍
ഭൂമിയേതോ നിശാസ്വപ്നമാര്‍ന്നൂ
കാമുക ഹൃദയത്തിന്‍................
കാമുക ഹൃദയത്തിന്‍ സ്പന്ദങ്ങളറിയവേ
കാമുകീ നീ കുളുര്‍ച്ചാര്‍ത്തണിഞ്ഞൂ
കാതരേ...നീ കുളുര്‍ച്ചാര്‍ത്തണിഞ്ഞൂ (പ്രണയസന്ദേശം)

ശ്രീ said...

"ഞാനും മയങ്ങിയാപ്പുഞ്ചിരിയില്‍
“അമ്പട! ഞാനേ! ഞെളിഞ്ഞുനിന്നൂ..."
:)

ബൈജു (Baiju) said...

"ഏവരുമണിയുന്നൊരാപ്പുതപ്പിന്‍
ഗീതകം ഈണത്തില്‍ വായിക്കവേ
സത്യം, മുഖപടമൊക്കെ മാറ്റി
ഓരീരടിയായ് വന്നുദിച്ച പോലേ...................."

ജ്യോതിര്‍മയി /ज्योतिर्मयी said...

ശ്രീ, ബൈജു, നന്ദി.

അനാഗതശ്മശ്രു said...

അഹന്തക്കട്ടിപ്പുതപ്പഴിഞ്ഞു വീണു..
കൊള്ളാം ജ്യൊതിര്‍ മയീ