Tuesday, November 28, 2006

കാലങ്ങള്‍

ഭാവിയിലൊരു ഭൂതമാകേണ്ട എന്നെ
വര്‍ത്തമാനങ്ങളില്‍ തളച്ചിടരുതേ...

വഴിവക്കിലെ ചുമടുതാങ്ങിയും
മലമ്പാതയിലെ കാളവണ്ടിയും
മകരക്കുളിരും മീനച്ചൂടും
മനസ്സിനുള്ളില്‍ മേളം ചൊരിയും
കാലവര്‍ഷവും കായാമ്പൂവും
ഓടിയെത്തുന്നു മിന്നല്‍പ്പിണരായ്
പോയ്‌മറയുന്നു തമോഗര്‍ത്തത്തില്‍.

ചുടുനിശ്വാസച്ചൂളം വിളിയാല്‍
ശബ്ദമുഖരിതം നീലാകാശം
സ്വച്ഛത തേടും മഹാസമുദ്രമേ
നിര്‍ത്തൂ നിന്നുടെ രുദ്രതാണ്ഡവം
വിങ്ങിപ്പൊട്ടിടും ഹൃദയമിന്നൊരു
കുന്നിക്കുരുവിന്‍ രൂപം പൂണ്ട്
രാഗലോലമാമനുരാഗവീണ തന്‍
സ്‌നേഹസാന്ദ്ര സ്വരം തേടുന്നു.

Monday, November 27, 2006

നിങ്ങളുടെ വീതം (ഒരു കവിത കൂടി)

പത്രത്താളുകള്‍ മറിക്കുവാന്‍ ഭയമാണ്,
ഉള്‍‌വലിയാമെന്നാകില്‍ എവിടെയെന്‍ പുറന്തോട്‌?
മുയലിന്‍ കുതിപ്പുമയ് തലമുറ പറന്നതീ,
മുള്‍‌പ്പടര്‍പ്പുകള്‍ മൂടും തമസ്സിന്‍ ലോകത്തേക്കോ?

അരക്ഷിതത്വം ഘോരമേഘമാലകളായീ
സന്തോഷതീരത്തിനെ ഭീതിയായ് മൂടുന്നുവോ?
നിസ്സം‌ഗത മഞ്ഞു പാളി പോല്‍മേല്‍ മേല്‍ വന്നടിയുന്നോ വീണ്ടും?

അരുതു കാട്ടാളത്തമെന്നു ചൊല്ലിയ
കവിയിന്നു മൌനത്തിന്റെ പിന്നിലൊളിക്കുന്നോ?
എഴുതിപ്പഠിച്ചതും പാടിപ്പതിഞ്ഞതു-
മെല്ലാം ജലരേഖ പോലെ മറയുന്നു.

സാത്താന്‍,സുഖഭോഗ മോഹങ്ങളായ് വന്നാ
കണ്ണിന്റെ കാണാനുള്ള കഴിവും കെടുത്തിയീ
മര്‍ത്യനെ മാടായ് മാറ്റു,മതിനില്ലാല്ലോ-
മാതാവേതെന്ന നിനവുകള്‍,
സിരയില്‍ രതി ദാഹം ജ്വാലയായ് പടരുമ്പോള്‍.

എന്നുമുണ്ടോരോ വാര്‍ത്ത:
കുട്ടിയെ കാണാനില്ല, പീഠന പര‍മ്പര
മാതാക്കള്‍, പിതക്കന്‍‌മാര്‍, ഗുരുവും പ്രതിക്കൂട്ടില്‍.

ഭയമാണെല്ലാവര്‍ക്കുമന്യോന്യം,
ആര്‍ക്കെപ്പോഴാണ് പുതിയ-
യുഗത്തിന്റെ പേബാധ തുടങ്ങുക,
രതി തന്‍ ചതിയുടെ ദംഷ്ട്രകള്‍ മുളയ്ക്കുക
എന്നറിയില്ലല്ലോ,എന്റെകുഞ്ഞിനെ ഞാനെങ്ങനെ
പ്പകല്‍ വെട്ടത്തിലുംപാതയിലൊറ്റയ്ക്കു യാത്രയാക്കും?.

പാഴ്‌വിചാരങ്ങളാണെന്നാലുമിന്നെന്‍ നെഞ്ചില്‍
പേറുന്ന ഭാരം നിങ്ങള്‍‌ക്കെല്ലാര്‍ക്കും വീതിക്കാം ഞാന്‍.

ഇത്‌ മുന്‍പ്‌ കാഞ്ഞിരോടന്‍ കഥകളില്‍ ഒരിക്കല്‍ പോസ്റ്റിയതാണ്. അതീ കവിയരങ്ങിലാണ് വേണ്ടിയിരുന്നതെന്ന്‌ തോന്നിയതു കൊണ്ടാണ് ഇവിടെ വീണ്ടും പോസ്റ്റുന്നത്‌. അത്‌ തെറ്റായിപ്പോയെന്നാര്‍ക്കെങ്കിലും തോന്നുന്നു എങ്കില്‍ ക്ഷമിക്കുക.

Tuesday, November 21, 2006

സ്വരരാഗസാന്ദ്രമാം ഈ നീലരാവില്‍
സ്വപ്നങ്ങളണയുമീ പ്രണയനിലാവില്‍
കുളിരല പെയ്യുന്ന മന്ദസമീരന്‍
കുമുദേ നിന്‍ സന്ദേശമോ വന്നു നല്‍കി .

ഹൃദയതാളം നല്‍കി ചിട്ടപ്പെടുത്താം
നിറമാര്‍ന്ന മോഹത്തിന്‍ നളിനദളങ്ങള്‍
ഋതുഭേദമറിയാതെ കാലത്തിന്‍ രഥചക്ര-
മുരുളുന്നു പ്രിയസഖീ നാമൊന്നായ്ത്തീരാന്‍.

ശ്രുതിയിടാന്‍ നീയെന്നും കൂടെയുണ്ടെങ്കില്‍
ശ്രീരാഗമായ് പെയ്തുനിറയാം നമുക്കെന്നും,
ശ്രാവണപൌര്‍ണ്ണമിത്തിങ്കളും താരവും
ശ്രവണസുഖത്തിനായ് കാതോര്‍ത്തിരിക്കും
.


N B:ഇതു ചിട്ടപ്പെടുത്താന്‍ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ടു വരാം

Wednesday, September 20, 2006

കവികള്‍ക്കും, കവിതകള്‍ക്കുമായി ഒരു ബ്ലോഗ്

പ്രിയ ബൂലോഗരെ,
നിങ്ങളുടെ കവിതകള്‍ എഴുതുവാനും, അത് ചൊല്ലി പകര്‍ത്തുവാനുമായി
ഒരു ബ്ലോഗ് തുടങ്ങുന്നു.
എല്ലാവരുടെയും ബ്ലോഗുകളില്‍ പോയി കവിതകള്‍ വായിക്കുന്നതിനു പകരം, ഒരു ബ്ലോഗില്‍ എല്ലാ കവിതകളും വായിക്കാന്‍
കഴിയും എന്നതാണ് ഞാന്‍ കാണുന്ന പ്രയോജനം.

ഈ ബ്ലോഗില്‍ കവിതകള്‍ എഴുതുവാനും, കവിതകള്‍ ചൊല്ലുവാനും ആഗ്രഹിക്കുന്നവര്‍ അംഗമാകാന്‍ ഇ-തപാല്‍ മേല്‍‌വിലാസം
എനിക്കയച്ച് തരുക.
താഴെ കാണുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. ഈ ബ്ലോഗ് കവിതകള്‍ക്ക് മാത്രമായുള്ളതാണ്.
2. നിങ്ങളുടെ കവിതകള്‍ നിങ്ങള്‍ക്ക് എഴുതുന്നതോടൊപ്പം അതു ചൊല്ലിയും പകര്‍ത്താം.
anamgari@gmail.com