(വിഷാദഭാവമാണ്)
നീയകന്നു പോകിലും തുഷാര വര്‍ണ്ണ സ്വപ്നമേ
മനസ്സിലിന്നു നിന്‍റെയാ പദസ്വനങ്ങള്‍ കേള്‍പ്പു ഞാന്‍
ഹൃദന്തമിന്നു വിങ്ങിടുന്നു നിന്‍റെയോര്‍മ്മയാല്‍ സഖീ
പ്രകാശവും പൊലിഞ്ഞിടാന്‍ തുടങ്ങിടുന്നെന്‍ ജീവനില്‍
മൃദുസ്മിതങ്ങളൊക്കവേ മധു വിളമ്പിയെന്നിലേ
പ്രതീക്ഷതന്‍ ഹരിതമാം പ്രണയപുഷ്പ വല്ലിയില്‍
പ്രതീക്ഷയൊക്കെ മായയായ് മറഞ്ഞു പോണു മത്സഖീ
മനസ്സിലേറ്റ ബാണമെന്‍ മനം തുളയ്പ്പു കണ്മണീ
കണ്ണിലിന്നു നിന്‍റെ രൂപമാര്‍ദ്ര ബാഷ്പ ധാരയായ്
കവിള്‍ത്തടങ്ങളില്‍ പടര്‍ന്നു ചാലു തീര്‍പ്പു നായികേ
മെനഞ്ഞൊരാ മൃദുല സ്വപ്നമൊക്കെയും മനസ്സിലെ
കനല്‍ക്കയത്തില്‍ വീണു ധൂമമായ് മറഞ്ഞു ഓമനേ
വസന്തകാല സന്ധ്യയില്‍ തിരഞ്ഞു നിന്നെയേകനായ്
കണിക്കു വച്ച പൂക്കളീല്‍ മധു പരതും വണ്ടു പോല്‍
വരാത്തതെന്തു നീ സഖീ പിരിഞ്ഞു പോകയോ മമ
കരള്‍ പകര്‍ന്ന പൂക്കളെ ചവിട്ടി നീ നടക്കയോ...?
|