Monday, January 22, 2007

സീതായനം

സുരാംഗനയാം വനകന്യയാണിവള്‍
ഇന്നെന്‍ ഹൃദയം കവര്‍ന്ന രതീദേവി
എന്നുള്ളില്‍ മോഹതല്‍പ്പം തീര്‍ത്തവള്‍
ഇവളെന്‍ മുജ്ജന്മ കാമിനി സീതയല്ലേ?
സ്മൃതിയുടെ കാഴ്ചയ്ക്കുമപ്പുറം അകലെയെങ്ങോ
നീളുന്ന കാലത്തിന്റെ വേരുകള്‍ക്കിടയില്‍
‍കഴിഞ്ഞ ജന്മത്തിന്‍ ഇരുണ്ട ഇടനാഴികള്‍
അതിലൂടെയെന്‍ മനമിഴികല്‍ കടന്നുപോയ്
ചുവന്ന സായം സന്ധ്യകളില്‍ സിന്ദൂരമായ്
നിഴലുകള്‍ കെട്ടിപ്പുണരുന്ന ഇടവഴികളില്‍
നിലാവ് വീഴുന്ന ആമ്പല്‍ക്കുളപ്പടവുകളില്
‍കൊള്ളിയാന്‍ മിന്നുന്ന കര്‍ക്കിടക രാവില്‍
മകരരാവിലെ കോടമഞ്ഞിലൊക്കവേ
എന്നിലേയ്ക്കവള്‍ ചൂടിനായ് ചായുന്നേരം
അധരങ്ങളില്‍ നറുതേന്‍ ചാലിച്ചവള്‍
‍ചോലമരപ്പൂന്തണലിലെന്‍ മാറില്‍ മയങ്ങുമ്പോള്‍
മൃദുനിശ്വാസങ്ങളാല്‍ തഴുകിയെന്നെയുറക്കിയ
ഇവളെന്‍ പ്രിയ സീത തന്നെയല്ലേ
ഏകാന്തതയില്‍ കുളിരായെന്നില്‍ നീ പടരുമ്പോള്‍
‍സിരകളില്‍ ഉന്മാദമായ് നീ കത്തുമ്പോള്‍
അറിയുന്നു നീയെന്‍ മുജ്ജന്മ കാമിനി സീതയാണല്ലോ.
പതിതയെന്നാര്‍ത്ത ജനത്തിന്റെ മുന്നില്‍
വലിച്ചെറിഞ്ഞു ഞാന്‍ നിന്നെയന്നാദ്യമായ്
ഓര്‍ത്തതില്ല നിന്‍ മൌനദുഖങ്ങളെ കണ്ടുമില്ല
മന്ന്വന്തരങ്ങള്‍ മാഞ്ഞുപോയീടിലും മായുമോ
ഈ മണ്ണില്‍ കാലം വരച്ച ലക്ഷ്മണരേഖകള്‍

7 comments:

ഗായത്രി said...

.....മന്ന്വന്തരങ്ങള്‍ മാഞ്ഞുപോയീടിലുംമായുമോ
ഈ മണ്ണില്‍ കാലം വരച്ച ലക്ഷ്മണരേഖകള്‍..?

Unknown said...

“പതിതയെന്നാര്‍ത്ത ജനത്തിന്റെ മുന്നില്‍
വലിച്ചെറിഞ്ഞു ഞാന്‍ നിന്നെയന്നാദ്യമായ്
ഓര്‍ത്തതില്ല നിന്‍ മൌനദുഖങ്ങളെ കണ്ടുമില്ല“

‘എത്ര മര്യാദാപുരുഷോത്തമനാകിലും
ഞാനപ്പോളല്പം സ്വാര്‍ത്ഥനായ് മാറിയോ?‘


ഗായത്രി,
നന്നായിട്ടുണ്ട്.

Anonymous said...

ഈണമുള്ള കവിതകള്‍ എനിക്കിഷ്ടമാണ്.നഷ്ടപ്പെട്ട ഈണങ്ങളെ അവ ഓര്‍മിപ്പിക്കും.ഇതും ഒരു പഴയ രചനയാണോ?ഗായത്രിയുടെ പുതിയ കവിതകള്‍ വായിക്കണമെന്നുണ്ട്.

Anonymous said...

നല്ല കവിത ഗായത്രീ..ഇനിയുമിനിയും എഴുതൂ...

അനംഗാരി said...

നല്ല ഈണമിട്ട് ചൊല്ലാന്‍ കഴിയുന്ന ഒരു കവിത.വിഷയവും എനിക്ക് പിടിച്ചു.അഭിനന്ദനങ്ങള്‍.

ഇട്ടിമാളു അഗ്നിമിത്ര said...

ഗായത്രി.. നന്നായിരിക്കുന്നു കവിത...

Anonymous said...

ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും വളരെ നന്ദി, പൊതുവാളന്‍, വിഷ്ണു, സാരംഗി, അനംഗാരി, ഇട്ടിമാളൂ ..