Tuesday, January 23, 2007

താജ്‌മഹലിന്‌ ഒരോര്‍മ്മക്കുറിപ്പ്‌

കവിത: പി. ശിവപ്രസാദ്‌

ഏഴു വന്‍കരകളിലെ അദ്ഭുതക്കാഴ്ചകള്‍
ഉള്‍ക്കാമ്പിലേറ്റി തിമിര്‍ത്തുലഞ്ഞുള്ളവന്‍
നൂറു തെരുവോരങ്ങള്‍ പൊള്ളിച്ച ചോരയില്‍
വറചട്ടിയായി തപിച്ചുഴറുന്നവന്‍
ചകിതജന്മത്തിന്‍ തിരുക്കുറള്‍ പാടിയീ
സ്‌മൃതികുടീരത്തിന്‍ തഴുതുകള്‍ക്കിപ്പുറം.

ഉള്ളിലുറവാകുന്ന കണ്ണുനീര്‍ക്കാഴ്‌ച്ചകളില്‍
മധുവല്ല, രക്തപാത്രം നിറഞ്ഞു.
തുള്ളിയുറയും കലിക്കോമരങ്ങള്‍ വെട്ടി-
വീഴ്‌ത്തിടും ലോലമാം ചിറകുകളിലെങ്ങുമേ
മാംസക്കിളുന്നിന്റെ ഭേദരുചി തേടുന്ന
നീള്‍ക്കൊക്കുമായി പറന്നിറങ്ങുന്നതാര്‍?
എങ്കിലും സ്വപ്‌നാടകന്‍, വിഭാതത്തിന്റെ
ശംഖതീര്‍ത്ഥങ്ങളാല്‍ ഉള്ളുണര്‍ത്തുന്നിവന്‍.

കുരുടന്റെ കണ്‍കിണറില്‍ വീണ വെട്ടങ്ങളില്‍
കുതിരകള്‍ ചിനയ്‌ക്കുന്നിരുട്ടായ്‌, കുളമ്പൊച്ച
കുതറുന്ന വിപിനമായ്‌ മാറുന്നു ജീവിതം
കുരുതിശിലയില്‍ പൂത്തുനില്‍ക്കുന്നു യൌവനം.
ആത്മഹനനത്തിന്റെ കുരിശ്‌ശുപീഢയ്‌ക്കുമീ
സാന്ധ്യരജസ്‌സാം കൊടിക്കൂറ സാക്ഷി.

തിരസ്‌കൃതന്‍ തന്നുടെ പ്രണയകുടീരമേ
തിരയൊടുങ്ങാത്ത മനസ്സിന്റെ തടവില്‍ നിന്ന്
ഒരു കാക്കയായിപ്പറക്കുന്നു ഞാന്‍, നിന്റെ
ബലിതര്‍പ്പണക്കൊറ്റിരന്നു കേഴുന്നു.
വെണ്‍ശിലകളുടലാര്‍ന്ന പ്രണയരാജ്ഞിത്വമേ
ദുഃഖമൊഴിവാകാത്ത സ്വപ്നരാജാവു ഞാന്‍,
ശരമൊന്നുപോലും പിഴയ്ക്കാത്ത കാലമിത്‌
ശരിയൊക്കെയും പുത്രനോതുന്ന വാക്കുകള്‍.
സിംഹാസനം കൊതിക്കാത്ത രാജത്വമായ്‌
ഹിംസാലയങ്ങള്‍ വാള്‍മുനയാല്‍ തുറക്കാതെ
സര്‍വ്വം ത്യജിച്ചീ കിടങ്ങുകള്‍ക്കിക്കരെ
ജഢമിറക്കി, മണല്‍മുടിവെച്ചു, മന്ദിരം
പണിയുമൊരു ശില്‍പിയുടെ സ്‌മൃതി പൊത്തി,
മരണങ്ങള്‍ തുകിലിട്ട കല്ലറയിലേക്കു നടകൊള്‍കെ
ഞാന്‍തിരയുന്നതേതു ജ്വരരാത്രിയുടെ ശിബിരങ്ങള്‍?

കുഞ്ഞുറുമ്പിന്റെ ഹിമാലയക്കാഴ്‌ചപോല്‍
നിന്റെ പാദങ്ങളെ തൊട്ടു നിന്നീടവേ
യമുനയെന്നില്‍ ഗോവര്‍ദ്ധനം തിരയുന്നു,
മുങ്ങിക്കയറും പടവുകളോ കളിത്തൊട്ടിലാട്ടുന്നു,
അതിന്‍ തുഞ്ചത്തൊരാല്‍മരച്ചോട്ടിലിരുന്ന്‌
ഗുലാം അലി പാടുന്നു.
പൂക്കുന്നു ജലതരംഗം പോലെ ശീലുകള്‍
ആയിരം കണ്‍കളായ്‌ വിടരുന്നു വാനവും.
ഒരു ഞൊടിയില്‍ ഉടവാള്‍ത്തിളക്കത്തിലാരുടെ
തലതെറിക്കുന്നു?
കറുത്ത സൂര്യന്റെ ശവം അടിമയെപ്പോലെ
മുക്കാലിയില്‍ തൂങ്ങുന്നു!
വിയര്‍പ്പുചേര്‍ത്താരോ വീഞ്ഞു മോന്തുന്നു.

മെല്ലെയൊരാലക്തികാംഗുലി പോലവേ
ശിരസ്സിലേക്കാരുടെ കണ്‍കളാം ശംഖുകള്‍
നീരന്‌ധ്രഹൃദയമായ്‌ മന്ദം സ്രവിക്കുന്നു?
അതില്‍ വിശ്വസൌന്ദര്യ ബിംബശോകങ്ങളായ്‌
നിന്‍ ഭഗ്നദേഹിയൊരു തബലുടെ പുകഴുപോല്‍
ഷഹനായി മീട്ടുമെന്നുയിരിലേക്കണയുന്നു
ജനിവീണ കമ്പിതമാവുന്നു പിന്നെയും.
ഹീനനക്ഷത്രവാല്‍ പൂത്തിരികത്തവേ
ഓര്‍മ്മകളുറങ്ങും ഭ്രമണപഥത്തില്‍ ഞാന്‍
ആരുമേ പാടാത്തൊരാത്മരാഗം തേടി
അലയുന്നു ഷഡ്‌കാലസ്വരമൌനമായ്‌.

മൃതിയിലുമുയിര്‍ക്കുമെന്‍ പ്രണയസാന്നിദ്‌ധ്യമേ...
വിഫലജന്മത്തിന്‍ വികര്‍ഷങ്ങളില്‍, ഭ്രാന്ത-
വിഷവപുസ്സില്‍ച്ചേര്‍ന്ന രണവിപല്‍സന്ധിയില്‍
അമൃതമാകട്ടെ നിന്‍ തിരിവിരല്‍ത്തുമ്പുകള്‍.

000

1 comment:

അനംഗാരി said...

പ്രസാദേ, മനോഹരം.നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍.