Monday, January 08, 2007

ചിത(ഗതം)

അഗ്നിയെ ഭയമില്ല ,കൊളുത്തുവിന്‍
കത്തിയമരുവാന്‍ തന്നെ ജനിച്ചു ഞാന്‍.
പുതുമഴ തണുപ്പിച്ച നാള്‍‌കളിലീമണ്ണില്‍
പുതഞ്ഞു കിടന്നു തണുപ്പകറ്റി.

ചെറിയൊരു പുതുമുളയൊരുനാളീ ലോകത്തെ-
പ്പതിയേ മിഴി തുറന്നെത്തി നോക്കി,
പ്രഭയാം കരങ്ങളാല്‍ മെല്ലെത്തഴുകിയാ
ഭാസ്‌ക്കരനെന്നെപ്പിടിച്ചുയര്‍ത്തി.

പാതയോരത്തു ഞാന്‍ നില്‍ക്കവെ എന്നുടെ
ശാഖകളെത്രപേര്‍ക്കാശ്രയമായ്
വാടിത്തളര്‍ന്നെത്തും യാത്രികരും
പിന്നെ പാറിത്തളര്‍ന്ന പറവകളും
വന്നിരുന്നു മമ ചുറ്റിലും എന്നുടെ
ഉള്‍പ്പുളകം പുഷ്പവൃഷ്ടിയായി.

പാത തൂക്കുവാന്‍ വന്നൊരാള്‍ ചൊല്ലി-
യിതെന്തു കഷ്ടമീ വന്‍‌മരം കാരണം,
പിന്നിലായിപ്പണിതൊരു കെട്ടിട-
മെന്‍‌തടിയാല്‍ മറഞ്ഞതെന്‍ നാശമായ്.

നിയമപാശവും നുണയുടെ വേലിയും
തീര്‍ത്തുകൊണ്ടെന്റെ തായ്‌വേരറുത്തവര്‍
ചിതലരിച്ചൊരെന്‍ ദേഹവുമിന്നിതാ
ചിതയൊരുക്കുന്നനാഥ ദേഹത്തിനായ്.

എന്റെ ജീവിതം സഫലമാകുന്നിതാ
അഗ്നി ശുദ്ധി ചെയ്യുന്നെന്റെ ജീവനെ
യാത്രയാകുന്നു പഞ്ചഭൂതങ്ങളായ് ,
മാറ്റമില്ലാത്തൊരൂര്‍ജ്ജപ്രവാഹമായ്.

ശ്രീ അനംഗാരിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു കവിത കൂടി കവിയരങ്ങില്‍ പോസ്റ്റുന്നു.ഇതു മുമ്പു കാഞ്ഞിരോടന്‍ കഥകളില്‍ പോസ്റ്റിയതു തന്നെ.

8 comments:

Unknown said...

പ്രിയ ബൂലോകരെ,
കവിയരങ്ങിലേക്കു സ്വാഗതം. കവികള്‍ക്കും കവിതകള്‍ക്കും മാത്രമായൊരിടം എന്ന ആശയത്തോടെ അനംഗാരി തുടങ്ങിവെച്ച ഈ വേദിയില്‍ ഒരിക്കല്‍ കൂടി ഞാനൊരു കവിത അവതരിപ്പിക്കുകയാണ്.
ബൂലോകത്തെ മുഴുവന്‍ കവികളും ഇവിടെയെത്തിച്ചേര്‍ന്നു അവരവരുടെ കവിതകള്‍ അവതരിപ്പിച്ച് കവിതാസ്വാദകര്‍ക്കു ഒരു ബ്ലോഗിലൂടെ തന്നെ കൂടുതല്‍ കവിതകളാസ്വദിക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

മെംബര്‍ഷിപ്പിന് അനംഗാരിയെ ബന്ധപ്പെടുക.
anamgari@gmail.com

അനംഗാരി said...

പൊതുവാള്‍, നന്നായി.ഓരോരുത്തരായി വരട്ടെ.ഇതു കവികളുടെ ഒരു അരങ്ങ് സൃഷ്ടിക്കട്ടെ.

കുറുമാന്‍ said...

എന്റെ ജീവിതം സഫലമാകുന്നിതാ
അഗ്നി ശുദ്ധി ചെയ്യുന്നെന്റെ ജീവനെ
യാത്രയാകുന്നു പഞ്ചഭൂതങ്ങളായ് ,
മാറ്റമില്ലാത്തൊരൂര്‍ജ്ജപ്രവാഹമായ്

നന്നായിരിക്കുന്നു പൊതുവാള്‍

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഈ കവിയരങ്ങിലെത്തി ഇന്നലെ ആദ്യമായി ഒരു കവിത (മണല്‍രേഖകള്‍) പോസ്റ്റ്‌ ചെയ്തിട്ട്‌ ഇവനെന്താ ഇന്നിങ്ങനെ ഒരു 'പ്രതിഷേധം' പ്രകടിപ്പിക്കുന്നത്‌ എന്ന്‌ പലരും ചോദിക്കുമെന്നറിയാം. ഒരു പോസ്റ്റിന്‌ മിനിമം 'മൂന്നു നാള്‍' എങ്കിലും ആയുസ്സുണ്ടാവണമെന്ന നിര്‍ദ്ദേശം സഹ-കവികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. പല കവിതാ ആസ്വാദകരും എല്ലായ്പ്പോഴും ബ്ലോഗുകളില്‍ കയറിയിറങ്ങാന്‍ സൌകര്യമുള്ളവര്‍ ആവണമെന്നില്ല. ഈ നിര്‍ദ്ദേശത്തെ എങ്ങനെ പരിഗണിക്കുന്നു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്‌. (ഇതെന്താ ഭരണഘടനാ സമിതിയോ...കൂവേ!)

Unknown said...

പ്രിയ ശിവപ്രസാദ്,
താങ്കളുടെ അഭിപ്രായം വായിച്ചു.താങ്കള്‍ ഈ വേദിയില്‍ കവിത പോസ്റ്റ് ചെയ്തപ്പോള്‍ ഞാന്‍ ഒരു പാട് സന്തോഷിച്ചു.അതു പോലെ തന്നെ ഈ അഭിപ്രായത്തെയും ഞാന്‍ മാനിക്കുന്നു.

അങ്ങനെയെന്തെങ്കിലും നിബന്ധനയൊന്നും ഇല്ലാതിരുന്നതിനാലും കൂടുതല്‍ ചിന്തിക്കാതിരുന്നതിനാലുമാണ് എന്റെ പോസ്റ്റ് പെട്ടെന്ന് പ്രത്യക്ഷപ്പെടാനിടയായത് ഞാനതില്‍ ഖേദിക്കുന്നു.

വ്യവസ്ഥാപിതമായിത്തന്നെ നമുക്കിതിനെ മുമ്പോട്ടു കൊണ്ടു പോകണം,അതിനെന്താണ് വേണ്ടതെന്നു വെച്ചാല്‍ സഹകരിക്കാന്‍ സര്‍വഥാ സന്നദ്ധനാണു ഞാന്‍.

എനിക്കൊരു നിര്‍ദ്ദേശമുള്ളതെന്തെന്നു വെച്ചാല്‍ കവിയരങ്ങില്‍ എത്തുന്നവര്‍ക്ക് അവിടെ പോസ്റ്റിയിട്ടുള്ള മുഴുവന്‍ കവിതകളും ഒരേ പേജില്‍ കാണാന്‍ പറ്റുന്ന വിധത്തില്‍ അതിന്റെ സെറ്റിങ്സ് മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു.

ഈ നിര്‍ദ്ദേശം ബ്ലോഗാധിപനായ അനംഗാരി ശ്രദ്ധിക്കുമെന്നു കരുതുന്നു.

അനംഗാരി said...

നിര്‍ദ്ദേശം അംഗീകരിക്കുന്നു.ഈ ബ്ലോഗിന്റെ നിയന്ത്രണ അധികാരം ഞാന്‍ കഴിയാവുന്നവരുമായി പങ്കു വെക്കുന്നതാണ്.
മറ്റൊന്ന്.
എന്റെ കൈവശം ഈ മെയില്‍ വിലാസമുള്ള എല്ലാവരേയും ഈ ബ്ലോഗില്‍ അംഗമാകാന്‍ ഞാന്‍ ക്ഷണിച്ചിട്ടുണ്ട്.
ഈ ബ്ലോഗില്‍
നിങ്ങള്‍ക്ക് കവിതകള്‍ എഴുതാം.
ചൊല്ലി പകര്‍ത്താം.
കവിതകളെ കുറിച്ച് ചര്‍ച്ചകളാവാം.
കവിതകള്‍ തര്‍ജ്ജമ ചെയ്യാം.
കവിതകളെ സംബന്ധിക്കുന്ന ഏതു വിഷയവും ചര്‍ച്ച ചെയ്യാം.
വരിക.അംഗങ്ങളാവുക.

അനംഗാരി said...

കവിതകള്‍ കാണുന്ന ഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.ഇപ്പോള്‍ 7 സൃഷ്ടികള്‍ ഒരുമിച്ച് ഒരു താളില്‍ കാണാന്‍ കഴിയും.നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.

വിഷ്ണു പ്രസാദ് said...

എന്റെ ബി.എസ്.എന്‍.എല്‍ കണക്ഷന്റെ പ്രശ്നമാണോ എന്നറിയില്ല.എന്റെ ജിമെയില്‍ തുറക്കാന്‍ ചില പ്രയാസങ്ങള്‍ നേരിടുന്നുണ്ട്.ഈ ബ്ലോഗിലേക്കുള്ള അനംഗാരിയേട്ടന്റെ ക്ഷണം ഞാന്‍ കണ്ടിരുന്നു. ഇന്നലെ ഇതില്‍ ചേരാന്‍ ഒന്ന് ശ്രമിച്ചതുമാണ്. ബ്ലോഗര്‍ സമ്മതിച്ചില്ല. സാ‍ങ്കേതികപ്രശ്നങ്ങള്‍ തീര്‍ന്നാലുടന്‍ ഞാനിതില്‍ ഒരു അംഗമാവും.