Friday, January 12, 2007

ഉണര്‍ത്തുപാട്ട്(കവിത)

അമ്മേയെന്ന് വിളിച്ചൊരുണ്മയിലുണര്‍ന്നതിന്‍-
നൈര്‍മ്മല്യമൊക്കെയമതുപോലെ നില്‍ക്കവെ..
നീട്ടിയവര്‍ണ്ണക്കടലാസ്സിലെ തുണ്ട് മധുരിക്കു-
മൊരു മിഠായി മാത്രമായി കാണുന്ന കണ്ണുകള്‍.
പുണരുവാന്‍ നീളുന്ന കൈകളൊക്കെയു-
മാസ്നേഹതലോടലാണെന്നുമാത്രമറിയുന്നൊരറിവും.
ചിരിക്കൂമീ മുഖങ്ങളിലെല്ലാമുയിരിന്റെ നേരാം
ജനിതകസ്നേഹമെന്നോര്‍ക്കുന്ന നെഞ്ചകം.
പരിഭവമൊന്നു മാത്രമെനിക്കിന്നു നിന്നോടീ-
കാലത്തിലുമെന്തേ കാത്തൂ ജനനത്തിന്‍ നൈര്‍മല്യം.

തുക്കിവില്‍ക്കായാണിന്ന് പണ്ടമായി,വിലയേറ്റം-
കൂടുതലെന്ന് പോലും കരളിനും തൊലിക്കും.
മിടിപ്പെന്നോ ഒടുങ്ങിയൊരാ കുഞ്ഞ് ഹൃത്തിന്റെ
പണമെണ്ണിപിരിക്കയാണീ നീ വളര്‍ത്ത മക്കള്‍.
പിണത്തിലും പ്രേതവൈകൃതമാടിയൊടുങ്ങുന്ന-
നേരത്തതായിരമായി പിരിക്കേയെങ്കിലുമൊരിക്കലും
കാണാതെ പോകുന്നുവീ നരഭോജികളമ്മതന്‍ മുലത്തടം
തേടുന്ന പൈതലില്‍ മുഖത്തുണ്മതന്‍ മരവിച്ച നിഴലാട്ടം
ഇനിയും നീ കാത്തിരിക്കുവതെന്തിനെന്നറിവീല്ലെനി-
ക്കെന്നാലുണ്മയില്‍ കേഴുന്നുവുണര്‍ത്തെഴുന്നേല്‍ക്കൂ.

(നിഠാരിയുടെ വേദന)

-പാര്‍വതി.

6 comments:

ലിഡിയ said...

“ചിരിക്കൂമീ മുഖങ്ങളിലെല്ലാമുയിരിന്റെ നേരാം
ജനിതകസ്നേഹമെന്നോര്‍ക്കുന്ന നെഞ്ചകം.“

കീറിമുറിക്കപെട്ട ഇനിയുമെണ്ണമറിയാത്ത ഇളം നെഞ്ചുകളുടെ ഓര്‍മ്മയില്‍, വേദനയില്‍..ഒരു ഉണര്‍ത്തുപാട്ട്.

-പാര്‍വതി.

അനംഗാരി said...

പാറൂ, അഭിനന്ദനങ്ങള്‍. കവിതകള്‍ കൂടുതല്‍ കൂടുതല്‍ നന്നായി വരുന്നു.എഴുത്ത് തുടരട്ടെ.

Anonymous said...

പാര്‍വ്വതി, ഈ കവിത ഇഷ്ടമായി. കാലികപ്രാധാന്യമുള്ള പ്രമേയം, നല്ല അവതരണം.

Anonymous said...

നന്നായി പാറ്‍വതി...ഈ ലോകത്തില്‍ രണ്ടു കാര്യമെ നമുക്കിനി ചെയ്യനുള്ളൂ

ഒന്നുകില്‍ കരയുക.....അല്ലെങ്കില്‍ ചുമ്മ പൊട്ടിച്ചിരിക്കുക.

സമയം ഉള്ളപ്പൊള്‍ എണ്റ്റെ പുതിയ കോവിലില്‍ ഒന്നു തൊഴാന്‍ പൊകണെ
brijviharam.blogspot.com

Manu

Unknown said...

നല്ലൊരു പ്രമേയം,

കുറച്ചുകൂടി മിനുക്കിയെടുക്കാമായിരുന്നു.

Anonymous said...

ഒരു കവിതയുടെ ഒതുക്കമോ ഒഴുക്കോ കാണുന്നില്ലല്ലൊ പാര്‍വതീ, കുറച്ചുകൂടെ നന്നാക്കാന്‍ ശ്രമിക്കണം..