Monday, November 27, 2006

നിങ്ങളുടെ വീതം (ഒരു കവിത കൂടി)

പത്രത്താളുകള്‍ മറിക്കുവാന്‍ ഭയമാണ്,
ഉള്‍‌വലിയാമെന്നാകില്‍ എവിടെയെന്‍ പുറന്തോട്‌?
മുയലിന്‍ കുതിപ്പുമയ് തലമുറ പറന്നതീ,
മുള്‍‌പ്പടര്‍പ്പുകള്‍ മൂടും തമസ്സിന്‍ ലോകത്തേക്കോ?

അരക്ഷിതത്വം ഘോരമേഘമാലകളായീ
സന്തോഷതീരത്തിനെ ഭീതിയായ് മൂടുന്നുവോ?
നിസ്സം‌ഗത മഞ്ഞു പാളി പോല്‍മേല്‍ മേല്‍ വന്നടിയുന്നോ വീണ്ടും?

അരുതു കാട്ടാളത്തമെന്നു ചൊല്ലിയ
കവിയിന്നു മൌനത്തിന്റെ പിന്നിലൊളിക്കുന്നോ?
എഴുതിപ്പഠിച്ചതും പാടിപ്പതിഞ്ഞതു-
മെല്ലാം ജലരേഖ പോലെ മറയുന്നു.

സാത്താന്‍,സുഖഭോഗ മോഹങ്ങളായ് വന്നാ
കണ്ണിന്റെ കാണാനുള്ള കഴിവും കെടുത്തിയീ
മര്‍ത്യനെ മാടായ് മാറ്റു,മതിനില്ലാല്ലോ-
മാതാവേതെന്ന നിനവുകള്‍,
സിരയില്‍ രതി ദാഹം ജ്വാലയായ് പടരുമ്പോള്‍.

എന്നുമുണ്ടോരോ വാര്‍ത്ത:
കുട്ടിയെ കാണാനില്ല, പീഠന പര‍മ്പര
മാതാക്കള്‍, പിതക്കന്‍‌മാര്‍, ഗുരുവും പ്രതിക്കൂട്ടില്‍.

ഭയമാണെല്ലാവര്‍ക്കുമന്യോന്യം,
ആര്‍ക്കെപ്പോഴാണ് പുതിയ-
യുഗത്തിന്റെ പേബാധ തുടങ്ങുക,
രതി തന്‍ ചതിയുടെ ദംഷ്ട്രകള്‍ മുളയ്ക്കുക
എന്നറിയില്ലല്ലോ,എന്റെകുഞ്ഞിനെ ഞാനെങ്ങനെ
പ്പകല്‍ വെട്ടത്തിലുംപാതയിലൊറ്റയ്ക്കു യാത്രയാക്കും?.

പാഴ്‌വിചാരങ്ങളാണെന്നാലുമിന്നെന്‍ നെഞ്ചില്‍
പേറുന്ന ഭാരം നിങ്ങള്‍‌ക്കെല്ലാര്‍ക്കും വീതിക്കാം ഞാന്‍.

ഇത്‌ മുന്‍പ്‌ കാഞ്ഞിരോടന്‍ കഥകളില്‍ ഒരിക്കല്‍ പോസ്റ്റിയതാണ്. അതീ കവിയരങ്ങിലാണ് വേണ്ടിയിരുന്നതെന്ന്‌ തോന്നിയതു കൊണ്ടാണ് ഇവിടെ വീണ്ടും പോസ്റ്റുന്നത്‌. അത്‌ തെറ്റായിപ്പോയെന്നാര്‍ക്കെങ്കിലും തോന്നുന്നു എങ്കില്‍ ക്ഷമിക്കുക.

7 comments:

അനംഗാരി said...

രാധാകൃഷ്ണന്‍ പെരുമ്പള എന്ന പേരില്‍ ഒരു കവി അവിടെയില്ലേ പൊതുവാളാ?

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

രാധാകൃഷ്ണന്‍ പെരുമ്പളയെക്കുറിച്ചറിയാന്‍ എനിക്കും താല്‍പര്യമുണ്ട്‌.

Unknown said...

രാധാകൃഷ്ണന്‍ പെരുമ്പള , വിധ്യാധരന്‍ പെരുമ്പള, വിനോദ്‌ കുമാ‍ര്‍ പെരുമ്പള തുടങ്ങിയ പല യുവകവികളുടെയും പേരില്‍ പ്രശസ്തമാണ് ഇന്നെന്റെ ഗ്രാമം.
ഇവരെല്ലാം എന്റെ സുഹൃത്തുക്കളുമാണ്.വളരെ നല്ല ഗദ്യകവിതകള്‍ എഴുതുന്ന ഒരാളാണ് രാധാകൃഷ്ണന്‍.വിധ്യാധരനും അതുപോലെ തന്നെ സര്‍ഗ്ഗധനനായ ഒരു എഴുത്തുകാരനാണ്.ജേസീസ്` ജില്ലയിലെ യുവ പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് ഒരിക്കല്‍ ഇദ്ദേഹത്തിനു സമ്മാനിച്ചിട്ടുണ്ട്.അവര്‍ രണ്ടുപേരും ഒരേ ക്ലാസ്സില്‍ ,ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി ചെമ്മനാട്‌ ഗവ. സ്ക്കൂളില്‍ പഠിച്ചു വളര്‍ന്നവരാണ്. രണ്ടൊ മൂന്നോ ക്ലാസ്സ് താഴെയായി അവിടെ ത്തന്നെയായിരുന്നു ഞാനും അഭ്യാസം നടത്തിയിരുന്നത്.
രാധാകൃഷ്ണന്‍ ഇപ്പോള്‍ വക്കീലായി പ്രാക്റ്റീസ്‌ ചെയ്യുന്നു. വിദ്യാധരന്‍ L.L.B. നേടിയതിനു ശേഷം ജില്ലാ കോടതിയില്‍ ക്ലെര്‍ക്കായി ജോലി ചെയ്യുന്നു.
വിനോദ് കുമാര്‍ പെരുമ്പള എനിക്കുശേഷം അതേ സ്ക്കൂളില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥിയാണ്.ഇപ്പോള്‍ അദ്ധ്യപകവൃത്തി ചെയ്യുന്നു.

സു | Su said...

കവിത ഇഷ്ടമായി. വീതിക്കാന്‍ പറ്റില്ല. കാരണം എല്ലാവരുടെ മനസ്സിലും ഇതൊക്കെയല്ലേ? അവര്‍ക്കൊന്നും ഏറ്റെടുക്കാന്‍ പറ്റില്ല. :)

Unknown said...

വളരെ നാളുകള്‍‍ക്കു ശേഷം പിന്‍‌മൊഴികളുടെ പഴയ താളുകളില്‍ കൂടി കണ്ണോടിക്കുമ്പോള്‍, രാധാകൃഷ്ണന്‍ പെരുമ്പള എന്ന പേര് ശ്രദ്ധയില്‍പ്പെടുന്നു. ആരാണിപ്പോള്‍ എന്റെ പഴയകാല ഹോസ്റ്റല്‍ സഹമുറിയനെക്കുറിച്ച് എഴുതുന്നത്, അതോ പെരുമ്പള ഇനി വക്കീല്‍പ്പണിയ്ക്കിടയില്‍ ബ്ലോഗിലെത്തിയോ എന്നൊക്കെ ചില വിചാരങ്ങള്‍ മനസ്സിലൂടെ കടന്നുപോയി.

പൊതുവാളാ, പെരുമ്പളയെക്കുറിച്ച് (അങ്ങനെയായിരുന്നു ഞങ്ങള്‍ രാധാകൃഷ്ണനെ വിളിച്ചിരുന്നത്)എഴുതിയതിനു നന്ദി. ഹോസ്റ്റലില്‍ നിന്നും പോന്നതിനുശേഷം പലപ്പോഴും കത്തുകള്‍ എഴുതണമെന്ന് കരുതിയെങ്കിലും, കരുതലുകളെല്ലാം അതേപോലെ തന്നെയിരുന്നു. ഒരിക്കല്‍ നാട്ടില്‍ ചെന്നപ്പോള്‍ രാധാകൃഷ്ണന്റെ വിവരങ്ങള്‍ അദ്ദേഹത്തിന്റെ ഒരു കവിസുഹൃത്തില്‍ നിന്നും അറിഞ്ഞിരുന്നു.

പൊതുവാളന്‍ ഇനി രാധാകൃഷ്ണനെ നേരില്‍ കാണുമ്പോള്‍, കുമളിക്കാരനായ (അന്ന് ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്നു) ഒരു പഴയ സുഹൃത്തിന്റെ അന്വേഷണം അറിയിക്കുമോ?

ഇത്രയും ഓഫ്ടോപിക്കിനു മാപ്പ്!

പൊതുവാളന്റെ കവിത വായിച്ചു. നല്ല ആശയം. എന്റെ വീതം ഞാനെടുത്തുകഴിഞ്ഞു!

“എന്റെകുഞ്ഞിനെ ഞാനെങ്ങനെ
പ്പകല്‍ വെട്ടത്തിലുംപാതയിലൊറ്റയ്ക്കു യാത്രയാക്കും?."

ഈ ചിന്തകളിലേയ്ക്ക് ഞാ‍നും ചവിട്ടിക്കയറുകയാണു ഇനിയുള്ള ഓരോ ദിനവും!

vinod kumar perumbala said...
This comment has been removed by the author.
vinod kumar perumbala said...

നല്ല വാക്കുകൾക്ക്‌ നന്ദി . സ്പെഷ്യൽ താങ്ക്സ് പോതുവാൾ രവിചന്ദ്രൻ ഏട്ടൻ.
-വിനോദ്കുമാർ പെരുമ്പള 9446379104