Friday, March 02, 2007

പുതപ്പിനുള്ളിലെ ഞാന്‍!

കുഞ്ഞിളം‌മേനിയിലാദ്യമായി
പേരൊന്നെനിയ്ക്കു പതിച്ചുകിട്ടീ
കിട്ടിയതെന്തുമുടനുടനെ
പേരിന്നുചുറ്റുമുരുട്ടിവെച്ചു.
കാണുന്നതെന്തുമാപ്പേരിലാക്കി
നന്നായ്പ്പതിയ്ക്കാന്‍ പഠിച്ചു ഞാനും.
കണ്ടതും കേട്ടതും സ്വന്തമാക്കി
തണ്ടും തടിയും വളര്‍ത്തിവന്നൂ.


നാലാളുകാണാ, നുയര്‍ന്നിരിയ്ക്കാന്‍‍,
കോലമാലോലമലങ്കരിയ്ക്കാന്‍‍,
മീതേയ്ക്കുമീതേയെടുത്തണിഞ്ഞോ-
രാടയ്ക്കു കയ്യും കണക്കുമില്ല...
മിന്നിത്തിളങ്ങുമെന്നാടനോക്കി-
യമ്പരന്നേവരും പുഞ്ചിരിച്ചൂ
ഞാനും മയങ്ങിയാപ്പുഞ്ചിരിയില്‍
“അമ്പട! ഞാനേ! ഞെളിഞ്ഞുനിന്നൂ...


ചുറ്റിയും ചുറ്റിയുമെന്റെചുറ്റും
ആടകളൊട്ടിപ്പിണഞ്ഞുപോയീ
ആവില്ലഴിയ്ക്കാ, നഴുക്കുപറ്റി-
ച്ചേര്‍ന്നവിഴുപ്പായളിഞ്ഞുനില്‍ക്കേ
വേര്‍ത്തതും വീര്‍പ്പൊട്ടു മുട്ടിയതു-
മാടകള്‍ക്കല്ലെനിയ്ക്കായിരുന്നൂ.
വേണ,മടര്‍ത്തണമീയഹന്ത-
ക്കട്ടിപ്പുതപ്പിനി
വേണ്ടെനിയ്ക്ക്!